Friday, July 24, 2009

കണ്ടതും കേട്ടതും


ഞാന്‍ ജീവിക്കുനത് ജനിച്ചുപോയത്‌ കൊണ്ടല്ല... എനിക്ക് തോന്നിയിട്ടാണ്.
എനിക്ക് തോന്നുന്നു ജീവിക്കാന്‍, അതും തോന്നിയത് പോലെ.
ഉറങ്ങാന്‍... ഭക്ഷണം കഴിക്കാന്‍... കക്കൂസില്‍ പോകാന്‍... മഴയത്ത് നനയാന്‍... ഉറക്കെ പാട്ടു പാടാന്‍... തനിച്ചു യാത്ര ചെയ്യാന്‍...
ചിലപ്പോള്‍ എനിക്ക് തോന്നുന്നു ഉള്ളിലുള്ളതൊക്കെ വാക്കുകളിലാക്കാനും നിറങ്ങളായ് പകര്‍ത്താനും,
മറ്റു ചിലപ്പോള്‍ മൌനത്തിലാഴാനും പിണങ്ങിയിരിക്കാനും... അതുമല്ലെങ്കില്‍ ലോകത്തെ നോക്കി കണ്ണിറുക്കി കാട്ടാനും.

മറ്റെല്ലാവരെയും പോലെ ചിറയാനും നോക്കി പേടിപ്പിക്കാനും കണ്ടു കൊതിക്കാനും കണ്ണുരുട്ടാനും കണ്ണിനെ വിശ്വസിക്കാനും കണ്ണടച്ചിരുട്ടാക്കാനും എന്നെയും ആരും പഠിപ്പിച്ചില്ല.
ഉടയതമ്പുരാന്‍ രണ്ടുണ്ടക്കണ്ണുകള്‍ തന്ന് എന്നെ പടച്ചുവിട്ടത് ഇവള്‍ വേണമെങ്കില്‍, കണ്ണ് തുറന്ന് എന്തെങ്കിലുമൊക്കെ കണ്ടോട്ടെ എന്ന് കരുതിയാവണമല്ലൊ.
എന്‍റെ മുന്‍ഗാമികള്‍ എന്നിലേക്ക്‌ പകര്‍ന്ന ജീവസ്സിന്‍റെ തീവ്രതയില്‍ ഞാന്‍ അന്നാദ്യം ഇപ്പറഞ്ഞ കണ്ണുകള്‍ വിടര്‍ത്തി പ്രപഞ്ചത്തെ നോക്കി...

ഞാന്‍ ലോകത്തെ നോക്കുന്നത് പോലെ ഈ ലോകത്തിനു എന്നെയും നോക്കാം... പക്ഷെ ആ നോട്ടങ്ങള്‍ നീണ്ട വിരലുകളായും അടക്കിപിടിച്ച ചോദനകളായും ആസക്തികളായും സദാചാരകമ്മറ്റികളായും എന്‍റെ ശരീരത്തിന്‍റെ വളവുകളെയും തിരിവുകളെയും തോട്ടുഴിയേണ്ട. കാരണം, ആ ദുഷിച്ച നോട്ടങ്ങളില്‍ ഞാന്‍ ഇക്കിളിപെടാറില്ല. നിങ്ങളുടെ ജൈവഘടനയ്ക്ക് അങ്ങനെ ഒരു പരിമിതിയുണ്ടെങ്കിലും ഒന്നറിയുക... ആ നോട്ടങ്ങള്‍ക്കായി ദാഹിച്ചല്ല ഞാന്‍ നിരത്തിലോ ബസിലോ ക്ലാസ്സ്മുറിയിലോ എന്‍റെ വീടിനുള്ളിലോ കഴിഞ്ഞു കു‌ടുന്നത്. എനിക്കവയെ പേടിച്ച് ഓടിയൊളിക്കാന്‍ വയ്യ.

ഞാന്‍ ആഗ്രഹിക്കാതെ... അറിയാതെ... എന്‍റെ അനുവാദമില്ലാതെ വളര്‍ന്നുതുടങ്ങിയതാണ്‌ എന്‍റെ ശരീരം. അന്ന് മുതല്‍ ഞാന്‍ ഭയന്നും തുടങ്ങി. കു‌നിപിടിച്ചും മറച്ചുവെച്ചും ഞാന്‍ ഒതുങ്ങിക്കു‌ടിനടന്നു. കൌതുകമായിരുന്നു ലോകത്തെ കണ്ടുതുടങ്ങിയപ്പോള്‍ എനിക്ക്. പക്ഷെ പതുക്കെ പതുക്കെ ഞാന്‍ തിരിച്ചറിഞ്ഞു, ലോകത്തിനും കൌതുകമായിത്തുടങ്ങി എന്നെ കാണുമ്പോഴെന്ന്...

ഭാവശുദ്ധിയുടെ മുള്‍ക്കിരീടം സ്വയം എടുത്ത് അണിയുകയല്ല. മാനുഷിക ചോദനകള്‍ എന്‍റെ ശരീരത്തിന്‍റെ സത്തയിലുമുണ്ട് . പക്ഷെ അത് ക്ഷണിക്കാത്ത നോട്ടങ്ങളുടെയോ ശാരീരികം മാത്രമായ പ്രേരണകളുടെയോ ഇരയോടുള്ള വേടന്‍റെ ധാര്‍ഷ്ട്യങ്ങള്‍ക്ക് മുന്നിലോ അടി പതറുന്ന ഒന്നല്ല. കാരണം ഞാന്‍ പ്രണയത്തില്‍ വിശ്വസിക്കുന്നു. എന്‍റെയും മറ്റുള്ളവരുടെയും വിചാരങ്ങളെ, സ്വാതന്ത്ര്യത്തെ, സ്വത്വത്തെ മാനിക്കുന്നു.

എനിക്കാരുടെയും മേല്‍ കുതിരകയറണ്ട... ആരെയും കാല്‍ക്കീഴില്‍ ആക്കേണ്ട.

എന്നെ ജീവിക്കാന്‍ അനുവദിക്കുക.

നിങ്ങളെന്നോട് പറയരുത് ഞാന്‍ എങ്ങനെയൊക്കെ വസ്ത്രം ധരിക്കണമെന്ന്... എപ്പോള്‍ നടക്കണമെന്ന്... എവിടെ ഇരിക്കണമെന്ന്... ആരെപ്പോലെ ആയിരിക്കണമെന്ന്... എന്തൊക്കെ ചിന്തിക്കണമെന്ന്... അതില്‍ ഏതൊക്കെ ഉറക്കെ പറയാമെന്ന്... കാരണം, എന്‍റെ വസ്ത്രവും നടപ്പും ഇരിപ്പും ആയിരിക്കലും ചിന്തകളും പറച്ചിലും മറ്റാരുടേയും സ്വാതന്ത്ര്യത്തില്‍ ഇടപെടാത്തിടത്തോളം, നിങ്ങളുടെ കല്ലേപിളര്‍ക്കുന്ന കല്പനകളെ എനിക്ക് ധിക്കരിച്ചേ മതിയാകു. എന്തെന്നാല്‍ എന്‍റെ മനസ്സു പറയുന്നു, ഈ ഭൂമിയും ഇവിടുത്തെ സ്വാതന്ത്ര്യവും എനിക്കും കൂടെ അവകാശപ്പെട്ടതാണെന്ന്...



റിമ

No comments: